Kerala

യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന് പരാതി കിട്ടിയാല്‍ പോലിസിന് കൈമാറും:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീര്‍ക്കുന്ന സമീപനം ഉണ്ടാകില്ല. പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിക്കാം. പരാതി ഒരിക്കലും ഒതുക്കി തീര്‍ക്കില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാര്‍ സംഘടനയില്‍ ഉണ്ടാകില്ല

യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന് പരാതി കിട്ടിയാല്‍ പോലിസിന് കൈമാറും:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
X

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി തീര്‍ക്കില്ലെന്നും ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കില്‍ ആ പരാതി പോലിസിന് കൈമാറുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീര്‍ക്കുന്ന സമീപനം ഉണ്ടാകില്ല. പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിക്കാം. പരാതി ഒരിക്കലും ഒതുക്കി തീര്‍ക്കില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാര്‍ സംഘടനയില്‍ ഉണ്ടാകില്ല. പങ്കെടുത്ത എല്ലാ പെണ്‍കുട്ടികളുമായും സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരും സമ്മര്‍ദ്ദത്തിന് വഴക്കി പരാതി കൊടുക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഏതെങ്കിലും ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പേലിസിന് കൈമാറാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ക്യാംപിന്റെ അച്ചടക്കത്തിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണവിധേയനായിരിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരാതി ശരിയാണോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കമ്മിറ്റിയെ വച്ച് പഠിക്കാന്‍ ശ്രമിക്കാതെ പോലിസിന് കൈമാറും. പരാതി ശരിയാണോ തെറ്റാണോയെന്ന് പോലിസാണ് പരിശോധിക്കേണ്ടത്. അത്തരക്കാരായ ഒരാളെയും പാര്‍ട്ടിയില്‍ വച്ച്‌പൊറുപ്പിക്കില്ല. സ്ത്രീധനമരണത്തിനും പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ക്കും എതിരെ മകള്‍ക്കൊപ്പം എന്ന കാംപയില്‍ നടത്തിയ ആളാണ് താന്‍. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ചുകൊണ്ട് സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ സിപിഎം സ്വീകരിച്ചിരികുന്ന നിലപടാണ് അദ്ഭുതകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സജി ചെറിയാന്‍ എന്ന വ്യക്തിയോടല്ല അദ്ദേഹത്തിന്റെ നിലപാടിന് എതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പി അംബേദേക്കര്‍ ഉള്‍പ്പെടെയുള്ളവരെ അവഹേളിക്കുകയും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന് സമാനമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഇതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മറുപടി നല്‍കാന്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളോ മുഖ്യമന്ത്രിയോ തയാറായിട്ടില്ല.

സജി ചെറിയാന്‍ പോലും തള്ളിക്കളയാത്ത ഈ നിലപാട് പാട്ടിയുടേതാണോയെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും നിലപാട് ഒന്നാണെന്ന് പറയേണ്ടി വരും. മന്ത്രി രാജി വച്ച സാഹചര്യത്തിലെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണം. സംഘപരിവാറിനെ ഭയക്കുന്നത് കൊണ്ടാണോ മുഖ്യമന്ത്രി മിണ്ടാത്തത്. സര്‍ക്കരിനും പാര്‍ട്ടിക്കും സജി ചെറിയാന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറയാത്തത് വിചിത്രമാണെന്നും വി ഡി സതീറന്‍ പറഞ്ഞു.

പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം കൂടി രാജി വയ്ക്കുന്നതാണ് ഉചിതം. കേടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാത്രമാണ് പോലിസ് കേസെടുക്കാന്‍ തയാറായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ കേസെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടും ശരിയല്ല. അന്നം മുടക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായില്ലെയെന്നാണ് സ്വപ്ന ചോദിച്ചത്.

ശിവശങ്കര്‍ സര്‍ക്കാര്‍ സെക്രട്ടറിയായി ശമ്പളം പറ്റി ജീവിക്കുമ്പോഴാണ് മറ്റൊരു പ്രതിയെ വേട്ടയാടുന്നത്. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ആരോപണങ്ങള്‍ പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമം നിയമവിരുദ്ധമാണ്. ജോലി ചെയ്ത് കുടംബം പോറ്റാനുള്ള അവകാശം അവര്‍ക്കുണ്ട്. പിന്നാലെ നടന്ന് വേട്ടയാടുന്നത് ശരിയല്ല. എല്ലാം ജനം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. വിചാരണ കോടതിയുടെ അനുമതിയോടെയാണ് 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിരിക്കുന്നത്. നിയമപരമായ ഈ മൊഴിയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു

Next Story

RELATED STORIES

Share it