Gulf

കുവൈത്തില്‍ ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കൊറോണ; അതീവ ജാഗ്രത

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മൂന്നു സുപ്രധാന സംഭവങ്ങളാണു ഇന്നലെ മുതല്‍ രാജ്യത്ത് അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

കുവൈത്തില്‍ ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കൊറോണ; അതീവ ജാഗ്രത
X

കുവൈത്ത് സിറ്റി: കുവൈത്തിന്റെ അയല്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കൊറോണ (501-V2) വ്യാപനം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മൂന്നു സുപ്രധാന സംഭവങ്ങളാണു ഇന്നലെ മുതല്‍ രാജ്യത്ത് അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കൊറോണ വൈറസ് അയല്‍ രാജ്യങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണു ഇതില്‍ പ്രധാനം. ഇത് കുവൈത്തിലും എത്തിചേരാനുള്ള സാധ്യതയാണു അധികാരികളെ ആശങ്കപ്പെടുത്തുന്നത്.രാജ്യത്തെ ദൈനം ദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടമാണു മറ്റൊന്ന്. കഴിഞ്ഞ നവംബര്‍ 10നു ശേഷം ഏറ്റവും അധികം പേരാണു ഇന്നലെ കൊറോണ ബാധിതരായത്. 811 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 9140 പേരില്‍ നടത്തിയ പരിശോധനയിലാണു ഇത്രയും പേര്‍ക്ക് വൈറസ് ബാധയേറ്റതായി കണ്ടെത്തിയിരിക്കുന്നത്. അതായത് പരിശോധന നടത്തപ്പെട്ട 8.88 ശതമാനം പേരും വൈറസ് ബാധിതരായി കണ്ടെത്തി.

ഇത് രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണു എന്നതും ആരോഗ്യ മന്ത്രാലയം ഗൗരവമായി കാണുന്നു. കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റുമായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരില്‍, കുവൈത്ത് വിമാന താവളത്തില്‍ വെച്ച് നടത്തുന്ന പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നുണ്ട്.ഈ മൂന്നു സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണു രാജ്യത്ത് വൈറസ് ബാധ തടയുന്നതിനു ആവശ്യമായ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും കനത്ത ജാഗ്രത പുലര്‍ത്തുവാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പുതിയ ആരോഗ്യ അവസ്ഥയെക്കുറിച്ചും രോഗ പ്രതിരോധ നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്നും നാളെയുമായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിര്‍ദ്ദേശിച്ച നിരവധി പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഇവ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ആയി സമര്‍പ്പിക്കും. കുവൈത്ത് വിമാനത്താവളം അടയ്ക്കല്‍, ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തല്‍ മുതലായ നിര്‍ദ്ദേശങ്ങളാണു ഇതില്‍ പ്രധാനം.ഏതായാലും വരും മണിക്കൂറുകളില്‍ ഇവയുടെ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണു സൂചന.

Next Story

RELATED STORIES

Share it