Sub Lead

വിദ്യാര്‍ഥി യൂനിയന്‍ രൂപീകരണം: കരടുബില്ലിന് മന്ത്രിസഭ അംഗീകാരം

സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും

വിദ്യാര്‍ഥി യൂനിയന്‍ രൂപീകരണം: കരടുബില്ലിന് മന്ത്രിസഭ അംഗീകാരം
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി യൂനിയനുകള്‍ രൂപീകരിക്കാനും വിദ്യാര്‍ഥികളുടെ ന്യായമായ താല്‍പര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കാനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019ലെ കേരള വിദ്യാര്‍ഥി യൂനിയനുകളും വിദ്യാര്‍ഥി പരിഹാര അതോറിറ്റിയും ആക്റ്റ് എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാവാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അതോറിറ്റി രൂപീകരിക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കൊല്ലം കലക്ടര്‍ ബി അബ്ദുന്നാസിറിനെ വയനാട് കലക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ എം അഞ്ജനയാണ് പുതിയ കൊല്ലം കലക്ടര്‍. വയനാട് കലക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും. കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ ആനന്ദ് സിങിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ജിഎസ്ടി സ്‌പെഷ്യല്‍ കമ്മീഷണറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍. സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ജിഎഡി ഡെപ്യൂട്ടി സെക്രട്ടറി രേണു രാജിന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ ചുമതല നല്‍കാനും തീരുമാനിച്ചു.




Next Story

RELATED STORIES

Share it