Sub Lead

വഖ്ഫ് ഭേദഗതി ബില്ല് ലോക്‌സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം, വാക്കേറ്റം

വഖ്ഫ് ഭേദഗതി ബില്ല് ലോക്‌സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം, വാക്കേറ്റം
X

ന്യൂഡല്‍ഹി: വഖ്ഫ് ഭൂമികള്‍ കൈയടക്കാന്‍ ലക്ഷ്യമിട്ടുള്ള വഖ്ഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷമായ ഇന്‍ഡ്യ സഖ്യത്തിലെ നിരവധി എംപിമാര്‍ ഇതിനെതിരേ രംഗത്തെത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി. ഒരുഘട്ടത്തില്‍ എസ് പി നേതാവ് അഖിലേഷ് യാദവും ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ബില്ല് ഭരണഘടനാ വിരുദ്ധവും ക്രൂരവുമാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. വഖ്ഫ് ബോര്‍ഡിന്റെയും വഖ്ഫ് കൗണ്‍സിലിന്റെയും അധികാരങ്ങളെ തകര്‍ക്കുന്നതാണ് ബില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ബില്ല് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ റദ്ദാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വഖ്ഫ് ഭേദഗതി ബില്‍ ഭൂമി വില്‍പനയ്ക്കുള്ള ബിജെപി അംഗങ്ങളുടെ താല്‍പര്യപ്രകാരമുള്ള ഒഴികഴിവാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആഞ്ഞടിച്ചു. ബിജെപി രാജ്യത്തെ മുക്കിക്കൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ മുസ്‌ലിംകളുടെ ശത്രുവാണെന്നും അസദുദ്ദീന്‍ ഉവൈസി എംപി പറഞ്ഞു. വഖ്ഫ് ഭേദഗതിയെ കുറിച്ച് എംപിമാര്‍ അറിഞ്ഞത് പാര്‍ലമെന്റില്‍ നിന്നല്ലെന്നും മാധ്യമങ്ങളിലൂടെയാണെന്നും കോണ്‍ഗ്രസ് എംപി സുപ്രിയ സുലേ കുറ്റപ്പെടുത്തി. ബില്ലുകള്‍ അവതരിപ്പിക്കാനുള്ള പുതിയ വഴി ഇതാണോ എന്നും വഖ്ഫ് ഭേദഗതി ബില്ല പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ ഭരിക്കുന്നതിനുള്ള ആര്‍ട്ടിക്കിള്‍ 30 ന്റെ നേരിട്ടുള്ള ലംഘനമാണിതെന്നും ബില്ല് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്നും ഡിഎംകെ എം പി കനിമൊഴി പറഞ്ഞു. ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. മതപരമായ വിഭജനവും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അടിസ്ഥാന ആശയം സംഘര്‍ഷം സൃഷ്ടിച്ച് സമുദായങ്ങള്‍ക്കിടയില്‍ രോഷം സൃഷ്ടിച്ച് എല്ലായിടത്തും അക്രമം ഉണ്ടാക്കുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലും ഹരിയാനയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ് ബില്ല്. ബില്ലിലൂടെ മുസ്‌ലിംകള്‍ അല്ലാത്തവരും വഖ്ഫ് ഗവേണിങ് കൗണ്‍സിലില്‍ അംഗങ്ങളായിരിക്കുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അടുത്തത് നിങ്ങള്‍ ക്രിസ്ത്യാനികളിലേക്കും ജൈനന്മാരിലേക്കും പോവും. ഇന്ത്യയിലെ ജനങ്ങള്‍ ഇത്തരത്തിലുള്ള വിഭജന രാഷ്ട്രീയം ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ ഹിന്ദുക്കളാണ്, എന്നാല്‍ അതേ സമയം തന്നെ ഞങ്ങള്‍ ഇതര മതസ്ഥരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. കഴിഞ്ഞ തവണ ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ ഒരു പാഠം പഠിപ്പിച്ചത് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മുസ് ലിം സ്ത്രീകള്‍ക്കും അമുസ് ലിംകള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന ഒരു സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളും രൂപീകരിക്കുന്നതാണ് ബില്ലിലെ പ്രധാന മാറ്റങ്ങള്‍. നിര്‍ദിഷ്ട ബില്ല് നിയമമായാല്‍, വഖ്ഫ് സ്വത്താണോ സര്‍ക്കാര്‍ ഭൂമിയാണോ എന്ന കാര്യത്തില്‍ ജില്ലാ കലക്ടറായിരിക്കും മധ്യസ്ഥര്‍.

Next Story

RELATED STORIES

Share it